Friday, April 26, 2013

വേനൽ പൂക്കൾ. ** ( Poems by Gilu joseph)
വസന്തം തേടുന്ന വേനല്‍ പൂക്കള്‍ .
-------------------------------------------------------------------------------------------------------------
മലയാള മനസ്സു കവിത നിറഞ്ഞതാണ്‌ .വര്‍ത്തമാനത്തിന്റെ തുരുത്തുകളിലിരുന്ന് , ഭൂത കാലത്തിന്റെ പുക കാഴ്ചകളിലേക്ക് മുങ്ങാം കുഴിയിടുന്നതാണ് ഓരോ കവി മനസ്സും .ഹൃദയ ഭാഷയില്‍ വിതയെറിഞ്ഞ് ആവോളം കൊയ്തവരും , പുതു മണ്ണില്‍ പുതു കവിത മുളപ്പിക്കുന്ന നവാഗതരും ഒരേപോലെ തന്നെ സൃഷ്ട്ടിയുടെ പിറവിയില്‍ ആത്മപീഡയോളം ചെന്നെത്തിയ നോവിനെ അപ്പാടെ അറിഞ്ഞവരായിരിക്കാം .


പോയ കാലങ്ങളെ വീണ്ടെടുക്കുന്നവയാണ്  ജിലുവിന്റെ കവിതകള്‍. മനുഷ്യ മനസ്സിന്റെ ഋതു ഭേദങ്ങള്‍, വികാര വിക്ഷോഭങ്ങളിലെ ആത്മ വേദനകള്‍ പകപ്പുകള്‍,നിരാസങ്ങള്‍, പ്രതീക്ഷകള്‍, എന്നിങ്ങനെ എല്ലാം തന്നെ മാറി മറിഞ്ഞു വരുന്നുണ്ട് പല രചനകളിലും .ഋതു കാലങ്ങള്‍ക്കിടയിലൂടെ വസന്തം തേടി പോകുന്ന കവയിത്രി എത്തി ചേരുന്നത് വേനല്‍ ചുവക്കുന്ന തീരങ്ങളിലേക്കാണ് .

വ്യവസ്ഥയുടെ പുറമ്പോക്കുകളില്‍ ബന്ധങ്ങള്‍ക്കുണ്ടാകുന്ന മൂല്യഭംഗങ്ങള്‍ക്കെതിരെ ജിലുവിന്റെ കവിതകള്‍ നൈതികമായി കലഹിക്കുന്നുണ്ട് . അതോടൊപ്പം തന്നെ വിശപ്പിനേയും, ദാഹത്തെയും , പ്രണയ- മരണ -കാമ കല്പ്പനകളെയും നിസ്സംഗമായ രീതിയില്‍ കണ്ടു തന്നെ വായനക്കാരിലെ കവി മനസ്സില്‍ ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്, ചിന്തിപ്പിക്കുന്നുമുണ്ട് .


പ്രണയത്തിന്റെ കാല്‍പ്പനിക ഭാവങ്ങള്‍ക്കപ്പുറം സ്നേഹ രാഹിത്യത്തിത്തെയും , പ്രണയ നിരാസങ്ങളെയും, വേര്‍പാടിന്റെ കൊടുംനോവിനെയും, സ്നേഹ ശൂന്യതയുടെ പാതാള മുഖത്തെയും വേദന സ്ഫുരിക്കുന്ന ഒരു ചിരിയോടെ അക്ഷരങ്ങള്‍ കോറിയിടുമ്പോള്‍ കൈവിരലുകളില്‍ വിയര്‍പ്പു പൊടിയുന്നത് കാണാം.

''ആളൊഴിഞ്ഞിരുള്‍ കുടിച്ചുറങ്ങുന്ന 
കോണുകള്‍ക്കിടയില്‍ 
എങ്ങി കരയുന്നൊരു ഓര്മ മാത്രം,
ഇടയ്ക്കിടെ കണ്ണ് തിരുമ്മുന്നു.''
 
ഇവിടെ , നിത്യ ജീവിതത്തിന്റെ ആളൊഴിഞ്ഞ ഇരുളില്‍ നിന്നും, കാലത്തിന്റെ അലര്‍ച്ചകളില്‍ നിന്നും , ഏകാന്തതയുടെ ചാരുകസേരയിലമരുമ്പോള്‍ കവയിത്രി സന്നിഗ്ദമെങ്കിലും  പതിയെ ശബ്ധിക്കുന്നുണ്ട് .

ജിലുവിന്റെ , ''ജീവിതമാകുന്ന പുസ്തകം'' മുതല്‍ 'ആളൊഴിഞ്ഞ മുറി', നാസിക, വേനല്‍ പൂക്കള്‍ , അമ്മയുടെ വഴി, എന്റോ സള്‍ഫാന്‍, ഗാന്ധിജി  ചിരിക്കുന്നു , മരണ ശേഷം, മഴയെ തോല്‍പ്പിച്, ലഹരി, അഗ്നി ശലഭങ്ങള്‍ , വിസ്മൃതി, എന്റെ വേനല്‍ പക്ഷി എന്നിങ്ങനെ മുതല്‍ ''അന്തമില്ലാത്ത ഒരെണ്ണം '' വരെയുള്ള രചനകളിളുടെ ഒരു ദൂരം നടക്കുമ്പോള്‍ ഒറ്റ വായനയില്‍ കൌതുകമേറുന്നതായി അനുഭവപ്പെടാം.. പാതിയില്‍ മുറിഞ്ഞതോ , ശിഥിലമാക്കപ്പെട്ടതോ ആയ ബിംബങ്ങള്‍ വായനയെ ചെറിയ രീതിയില്‍ ബാധിക്കുന്നുണ്ടെങ്കിലും, നോവിന്റെ കൈപ്പടയില്‍ കാവ്യ ഭാവുകത്വത്തിന്റെ നവ തലങ്ങളിലേക്ക് വായനക്കാരെ കൈപിടിച്ച് കൊണ്ട് പോകുന്നുണ്ട്.  ഉദാത്തമായ കാവ്യ രചനകള്‍ ആണെന്ന് അവകാശപ്പെടാനില്ലെങ്കിലും , മുന്‍പേ പോയവരുടെ വീഥിയില്‍ തന്റേതായ കയ്യൊപ്പ് തീര്‍ത്തു കൊണ്ട് വറുതിയുടെ , നിരാസങ്ങളുടെ വേനല്‍ പൂക്കള്‍ പൊഴിഞ്ഞ തീരങ്ങളിലൂടെ വസന്തം തേടി പോകുന്ന കവയിത്രിയെ വായിക്കുന്നവരും അറിയാതെ അനുഗമിക്കപെടുന്നു. അത് തന്നെ ഒരു രചനയുടെ വിജയവും.


സമാന യൌവനങ്ങളിലെ സ്ത്രീ മനസ്സുകളുടെ ഏതു  കാവ്യ ചിന്തയും പോലെ തന്നെ പ്രണയവും, കാത്തിരിപ്പും ഭഗ്നമോഹങ്ങളും തന്നെയാണ് ജിലു കുറിക്കുന്ന ചില വരികളിലും നിറയുന്നത്. വായനക്കാരിലെ  എഴുതാന്‍ കൊതിച്ച ചില  സമാന മനസ്സുകളുടെ ചിന്തകള്‍ ജിലുവിന്റെ അക്ഷരങ്ങളില്‍ കാണും നേരം വായനക്ക് വിരസ ഭംഗങ്ങള്‍ ഇല്ലാതെ തുടരാന്‍ കഴിയുന്നു, വായനക്കാരന്റെ മനസ് തന്നെ കവി തുറന്നെഴുതിയ പോലെ. പ്രണയമെന്ന ജൈവ വികാരം തുടിക്കാത്ത ജീവനുള്ള ഒരു അണുവും ഈ ഭൂവിലില്ല. പ്രണയം കുറിക്കുന്ന ജിലുവിന്റെ ചിന്തകളില്‍ തളിരും പൂവും ചൂടുന്ന വാസന്ത വര്‍ണ്ണനകളല്ല ; മറിച്ച് , വരാനിരിക്കുന്ന ശിശിരത്തിന്റെ , സ്നേഹ ശൂന്യതയുടെ, കൊടും ശൈത്യമുണ്ട് ! വേര്‍പാട് പൂക്കുന്ന വേനല്‍ കിനാവുകളില്‍ ആത്മ ബലിയുടെ ചുവപ്പ് രാശിയുണ്ട് .. പൂവരശും , ഗുല്‍ മോഹരും വിരിക്കുന്ന ചെഞ്ചോര വര്‍ണ്ണങ്ങളുണ്ട്.. തിരിച്ചറിവിന്റെ വേനല്‍ പൂക്കള്‍ ദര്ശിക്കുംപോഴും വരാനിരിക്കുന്ന വസന്തത്തിന്റെ പ്രതീക്ഷയില്‍ പൊതിഞ്ഞ ഒരു തുണ്ട് സ്വപ്നവുമുണ്ട്..


ഇനി എന്റെ വാക്കുകള്‍ക്കപ്പുറം ഈ കവിതകളിലൂടെ കവയിത്രിയുമായി നിങ്ങള്‍ നേരിട്ട് സംവദിക്കുക. കാവ്യ ലോകത്തെ എന്റെയീ പ്രിയ കൂട്ടുകാരിക്കും , വായനക്കാര്‍ക്കും, എന്റെ സ്നേഹാശംസകള്‍... 

                                                                                                                                                                                                             ഹൃദയപൂര്‍വ്വം ..;

                                                                                                               മനു നെല്ലായ , 
                                                                                                             


_________________________________________________________________ 


**(ജിലു ജോസഫിന്റെ കവിത സമാഹാരമായ ''വേനൽ  പൂക്കൾ''  ,   പ്രസാധകരായ തളിപ്പറമ്പ് സി .എൽ .എസ് പബ്ലിക്കേഷൻസ്   തിരൂർ  തുഞ്ചൻ പറമ്പിൽ  നടന്ന  ബ്ലോഗേഴ്സ് മീറ്റിൽ പ്രകാശനം ചെയ്തു.  ആ പുസ്തകത്തിന്‌ ഞാനെഴുതിയ യ ഒരു മുഖവുര . )

7 comments:

നവാസ് ഷംസുദ്ധീൻ said...

ഒന്നു വായിച്ച് കമന്റിട്ട് വരുമ്പോ..അടുത്ത കവിത അവിടെയുണ്ടാകും..ഈ അനുഗൃഹീത തൂലികയിൽ നിന്ന് ഇനിയുമിനിയും കവിതകൾ പിറക്കട്ടെ..ജിലുവിനു അഭിനന്ദനങ്ങൾ..

Angel... said...

വേനല്‍ പൂക്കള്‍lude കവയിത്രി; സ്നേഹാശംസകള്‍... ...

Arya. said...

Giluvine blog kanditundu orikkal.
Ee book evide kittum? Can i get this through any book stall ?

ajith said...

മനോഹരകവിതകള്‍ക്ക് അതിമനോഹരമുഖവുര

Alif Shah said...

നന്നായി എഴുതി

ഷാജു അത്താണിക്കല്‍ said...

ആശംസകൾ രണ്ട് പേർക്കും

Divya.M said...

Manoharamaaya Avathaarika .
Ithu vaayichu kavithakal koodi vaaayikkan agrahikkunnu..

Best wishes..