Saturday, April 2, 2011

ശരി തേടി......





തെറ്റുകള്‍ മനുഷ്യ സഹജമാണ്. പശ്ചാതാപവും, തിരുത്തലുകളും,പ്രായശ്ചിത്തവും എല്ലാം മനുഷ്യ മനസ്സിന്റെ നന്മയുടെ തലങ്ങളും.. മൃഗങ്ങളെ അപേക്ഷിച്ച് നമ്മെയൊക്കെ ബഹുമാന്യമാക്കുന്നതും അതൊക്കെ തന്നെ. എന്നാല്‍ അധികാര ദുര്‍വിനിയോഗങ്ങളിലെക്കുള്ള സമകാലിക രാഷ്ട്രീയ വീഥികളിലെല്ലാം തന്നെ ഈ തിരുത്തലുകളും, പശ്ചാത്താപ ബോധവും നിലവില്‍ അന്യം നിന്നു പോയിരിക്കുന്നതാണ് കണ്ടു വരുന്നത് എന്നത് വളരെയേറെ നടുക്കമുളവാക്കുന്ന ഒരു വസ്തുതയാണ്.

ആശയങ്ങളുടെയും, ആദര്‍ശങ്ങളുടെയും ,നീതിശാസ്ത്രങ്ങളുടെയും മഹാഭാണ്ഡം പേറുന്ന ഏതൊരു സമകാലിക രാഷ്ട്രീയ പാര്‍ട്ടികളും തന്നെ ഇപ്പറഞ്ഞ നേരിന്‍റെ തിരുത്തലുകളിലേക്ക് നേരെ കണ്ണടക്കുന്നത് സമൂഹത്തിന്റെ എന്നെല്ല, ഒരു രാഷ്ട്രത്തിന്റെ തന്നെ ജീര്‍ണ്ണതയിലേക്കാണ് നയിക്കുന്നത് എന്നതും ഒരു വലിയ സത്യം. തെറ്റുകളെ ന്യായീകരിക്കുകയും ,അതിനും പുറമേ സ്വന്തം പാര്‍ട്ടിയെയും തെറ്റായ നിലപാടുകളെയും പിന്താങ്ങാന്‍ 'പടക്കുള്ളില്‍' തന്നെ ഒരു 'ഏറാന്‍ മൂളി കോക്കസ്സിനെ' വളര്‍ത്തി വലുതാക്കുക എന്നതും സമകാലിക രാഷ്ട്രീയ പാര്‍ട്ടികളിലെ മുഖ്യ അജന്‍ഡകളാണ്.. നവ ഗാന്ധി പുത്രന്മാരുടെ സ്വന്തം കോണ്‍ഗ്രസ്‌ പാര്‍ട്ടിയും , പാര്‍ലമെന്ടരി വ്യാമോഹത്തെ പ്രണയപൂര്‍വ്വം കടാക്ഷിക്കുന്ന നവ കമ്മ്യുണിസ്റ്റ് സന്തതികളും ഇതു കൂടുതല്‍ അര്‍ത്ഥവത്താക്കുന്നു.. (കംമ്യുനിസ്ടുകള്‍ ഇന്ന് വംശ നാശം നേരിടുന്നൊരു വര്‍ഗമാണ്- ബാക്കി വളരുന്നത്‌ വെറും സ്യൂഡോ സോഷ്യലിസ്റ്റുകളും -സോഷ്യല്‍ ഡെമോക്രാററുകളും ആണല്ലോ..!) ഇതിലെല്ലാം ഒരു പടി മുന്‍പേ വര്‍ഗീയതമേ അക്രമത്തിന്റെ വിഷമൂട്ടി പരിപോഷിപ്പിക്കുന്ന സംഘ പരിവാരവുമെല്ലാം ഒരേ നാണയത്തിന്റെ 'അനേക വശങ്ങളില്‍' ഒന്നു മാത്രം.

വരും ചരിത്രത്തെ നേരിന്‍റെ സ്വപ്നങ്ങളില്‍ കണ്ട കുറെ മൂഡാത്മാക്കള്‍ ഉണ്ടായിരുന്നു നമുക്കിടയില്‍..ഗാന്ധിജി കണ്ട ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ വലിച്ചെറിഞ്ഞ നാന്‍ നീനാ സാഹ്നിമാരെ തന്തൂരി അടുപ്പിലിട്ടു ചുട്ടു കൊല്ലാനും പഠിച്ചു..രാഷ്ട്രത്തെ ശത കോടികളുടെ അഴിമതി കൂമ്പാരത്തിലേക്ക് കശക്കിയെറിഞ്ഞു..പട്ടിണി പാവങ്ങളുടെ നടുവൊടിഞ്ഞ നികുതിപ്പണം സ്വിസ്സ് ബാങ്കിന്റെ ആരും കാണാത്ത ലോക്കറില്‍ ഏഴു താഴിട്ടു ഭദ്രമാക്കി...ജനാതിപത്യ രാഷ്ട്രം കണ്ണുകളില്‍ ചോര വാര്‍ത്തു.. രക്തം കിനിഞ്ഞു...നിലക്കാതെ..

അഴിമതിയുടെയും, കരിംചന്തയുടെയും,പൂഴ്ത്തിവെപ്പിന്റെയും,പട്ടിണിയുടെയും, തൊഴിലില്ലായ്മയുടെയും കറുത്ത മുഖത്തെ മറയ്ക്കുന്ന വെളുത്ത മൂടുപടവുമായി അധികാര ദേഹങ്ങള്‍ ഇനിയും മാറി വരും..വോട്ടു ചെയ്യാന്‍ വേണ്ടി മാത്രം വിധിക്കപ്പെട്ട പൊതുജനമെന്ന കഴുത അതിന്റെ വികാരം കരഞ്ഞേ തീര്‍ക്കും... ഒറ്റപ്പെടുന്ന ശബ്ദങ്ങളെ ഭരണകൂട ഭീകരതയുടെ ഒരേ വര്‍ണ്ണ മുഖങ്ങള്‍ എന്നെന്നേയ്ക്കുമായി നിശബ്ധരാക്കും...ആയിരം തെറ്റുകള്‍ നൂറാവര്‍ത്തികളില്‍ അതേ കാലത്തിന്റെ നൂറു ശരികളായി അവര്‍ മാറ്റും..നിസ്സങ്ങതയുടെ വര്‍ണ്ണമില്ലാത്ത മുഖംമൂടിയണിഞ്ഞ കെട്ട കാലത്തിന്റെ ഈ ജനത ഭരണ വര്‍ഗ്ഗം ദയാപൂര്‍വ്വം വലിച്ചെറിഞ്ഞ ഉപഭോഗസംസ്ക്കാരത്തിന്റെ എല്ലിന്‍ കഷ്ണം നുണഞ്ഞു വിശപ്പടക്കും..തെറ്റുകള്‍ തിരുത്തലുകളില്ലാതെ തുടരും.. ആവര്‍ത്തനങ്ങളിലെ മഹാ പ്രവേഗങ്ങളെ പ്രതികരണം നഷ്ട്ടപ്പെട്ട ഭാവിജനതയും ഏറ്റു വാങ്ങും.. കാരണം ഇന്നിന്‍റെ തെറ്റുകള്‍ നാളത്തെ ശരികളാണ്... അത് കെട്ട ചരിത്രംഗളുടെ അസ്വസ്ഥമാക്കുന്ന ഒരു സത്യം..

1 comment:

Angel... said...

Many people lie for many different reasons. Some people lie because they are ashamed of themselves for something they have done, some people don't know any better, and other people just don't care. It is on a person by person basis.