_______________________________________________________________________
ഉപ ബോധ മനസ്സിലെ ഭാവനകള്‍ നിദ്രയില്‍ വിരുന്നു വന്നു വേഷമാടുന്ന നാടകങ്ങളാകാം ഒരു പക്ഷെ നാം കാണുന്ന സ്വപ്‌നങ്ങള്‍.യുക്തിക്കും ,അത്മീയതക്കും, ശാസ്ത്രീയ വ്യാഖ്യാനങ്ങള്‍ക്കും അപ്പുറം, മനുഷ്യ മനസ്സിന്റെ വിചിത്രമായ മേച്ചില്‍ പുറങ്ങളിലേക്ക് അവയ്ക്ക് നമ്മെ കൊണ്ട് പോകാന്‍ കഴിയുമെന്നത് മറ്റൊരു ''സ്വപ്നം'' പോലെ താനെ തികച്ചും യാഥാര്‍ത്യവുമാണ് .
എന്റെ നിദ്രയിലേക്ക് സാധാരണയായി സ്വപ്‌നങ്ങള്‍ കടന്നു വരാറില്ല .. വര്‍ണ്ണങ്ങളുടെ കാല്പനികത ചാലിച്ച സഹജ സ്വഭാവം നിറഞ്ഞ പ്രണയ നാളുകളുടെതോ, ജീവിത ദുരന്തങ്ങളില്‍ ഓര്‍ക്കാന്‍ ഇഷ്ട്ടമില്ലാത്ത ദു സ്വപ്നങ്ങളുടെ ചിതറിയ ഫ്രൈമുകളോ ഒന്നും തന്നെ കണ്ടാലും സ്വപ്നങ്ങളുടെ അവശേഷിപ്പുകളായി ഓര്‍മകളിലേക്ക് തങ്ങി നില്‍ക്കാറില്ലെന്നതാകാം ശരി. തിരക്കുകളുടെ യാന്ത്രിക ദിനങ്ങളുടെ അവസാനം, ഉണര്വ്വിനും ഉറക്കത്തിനും ഇടയിലുല്ല ഇത്തിരി നിമിഷങ്ങള്ഉടെ അമൂര്‍ത്തമായ ''കാഴ്ചകളെ' സ്വപനങ്ങലെന്നു വിളിക്കാറുമില്ലല്ലോ . നിദ്രയുടെ കാണാ കയങ്ങളിലേക്ക് മുങ്ങാം കുഴിയിടുംന്നേരം ബോധമറ്റ ഉറക്കങ്ങളാണ് പതിവ്. പിന്നെ, പുലരിയുടെ തിരക്കുകളിലേക്ക് കടക്കുംനേരം പോയ രാവിന്റെ ചെറു മരണങ്ങളിലോന്നും സ്വപ്നമെന്ന ഓര്മ അവശേഷിക്കാരുമില്ലായിരുന്നു .
പക്ഷെ; ഈ തുലാവര്‍ഷ രാവുകളിലെ ഒരു യാമം എന്റെ അനുഭവങ്ങള്‍ക്ക് അപവാദമായ ഒന്നായിരുന്നു! സ്വപ്നത്തിനും യാഥാര്‍ത്യത്തിനും ഇടയില്‍ ബോധമനസ്സിനെ നിദ്ര വലിച്ചെറിയപ്പെട്ട അഗാധ നിമിഷങ്ങള്‍! ഒരു യക്ഷി കഥയിലെ ഭ്രാന്തമായ ദര്‍ശനം പോലെ തികച്ചും അനുഭവ ഭേധ്യമായ ഒരു സ്വപനം !
ഞാനും സ്വപ്നം കാണുകയായിരുന്നു.., വര്‍ത്തമാനത്തിനും ഭൂതത്തിനും ഇടയിലേക്ക് പ്രാചീനതയുടെ നോവ് പാളങ്ങളില്‍ കല്‍ക്കരി വണ്ടികള്‍ ഓടുന്നൊരു തീരത്തായിരുന്നു ഞാനപ്പോള്‍ . പാളങ്ങള്‍ക്കപ്പുറം ഹേമന്തം വിരിച്ച പച്ചകുന്നുകളില്‍ അനേകം മണ്‍ കുടിലുകള്‍ മഞ്ഞു മൂടി കിടന്നിരുന്നു വേനലും വസന്തവും ആ തീരത്തെ ഒരു പോലെ പുണര്‍ന്നിരുന്നു.. കരിമ്പനകള്‍ ആകാശത്തോളം ഉയരമുന്ടെന്നു തോന്നിച്ചു..ഒരു നൂല് പോലെ വളഞ്ഞെതുന്ന അരുവിയുടെ ഒരു ഭാഗം വരണ്ടും മറുഭാഗം ജല വിതാനം ഉയര്‍ന്നും ഒഴുകിയിരുന്നു..; ആകെ വൈരുധ്യതയുടെ ഒരു കാന്‍വാസ് ചിത്രം പോലെ..
ഇലകളില്‍ മഴത്തുള്ളികള്‍ ചിതറുന്ന നേരമായിരുന്നു പിന്നീട്, പേരറിയാത്ത കിളിയോച്ചകള്‍ക്കും, കല്‍ക്കരി വണ്ടിയുടെ ചൂളം വിളിക്കും
ഇടയിലൂടെ കറുത്ത ഗൌണ്‍ അണിഞ്ഞ, ചുരുണ്ട മുടികളുള്ള ഒരു പെണ്‍ കുട്ടി അരുവിയെ പകുത്തു നടന്നടുക്കുകയായിരുന്നു.. എന്റെ കാഴ്ചക്കും, അവളുടെ മിഴികള്‍ക്കും മീതെ ചാര നിറമുള്ള പുഷ്പ്പങ്ങള്‍ കൊഴിഞ്ഞു വീണു കൊണ്ടേ ഇരുന്നു..അവള്‍ സംസാരിക്കുന്ന നേരം സൂര്യന് നിറം നഷ്ട്ടമാകുന്നതും, സന്ധ്യക്ക് കൂടുതല്‍ ചാര നിറം മൂടി നിഴലുകള്‍ ചലിക്കുകയും ചെയ്തു..
മഴ തോര്‍ന്നിരുന്നു., ഒരു മനുഷ്യായുസ്സിന്റെ ദൂരത്തോളം അവള്‍ എന്റെ മൂകതയെ വക വെക്കാതെ സംസാരിച്ചു കൊണ്ടേ ഇരുന്നു..അവളുടെ നിഴലെന്ന പോലെ ഒരു ബാലന്‍ പ്രത്യക്ഷപെട്ടിരുന്നു..ദൂരേക്ക് വിരല്‍ ചൂണ്ടി അവള്‍ ..വര്‍ണ്ണങ്ങളുടെ താഴ്വാരങ്ങള്‍ക്കും, ഇവിടെ പൂക്കാത്ത റിതുക്കള്‍ക്കും അപ്പുറം, പാളങ്ങള്‍ അവസാനിക്കുന്നുന്ടെന്നും അവിടെ ഒരു ചെറുതീരമാണ് അവളുടെ നാടെന്നും അവള്‍ ശബ്ദിച്ചു കൊണ്ടേയിരുന്നു...ഒരു പുച്ഛത്തില്‍ അടക്കിയ പുഞ്ചിരിയോടെ അവളുടെ കണ്ണുകളിലെ ഭാഷയിലേക്ക് ഞാനും അറിയാതെ സഞ്ചരിക്കുകയായിരുന്നു ...
തുലാവര്‍ഷ രാവിന്റെ നെറുകയില്‍ നിശാ ശലഭങ്ങള്‍ പിടഞ്ഞു വീഴുന്നുണ്ടായിരുന്നു .എനിക്ക് പോകണമായിരുന്നു,,അടുത്ത പുല്‍ത്തകിടിയില്‍ മുനിഞ്ഞു കത്തുന്ന ശരരാന്തലുകളെ സാകൂതം നോക്കി കൊണ്ട് ഞാന്‍ നടന്നു... പ്രാണന്റെ പിന്വിളിയെന്നപോലെ പുറകില്‍ ഞരക്കം കാതോര്‍ത്തു. ഭീതിയോടെ പോകാനാവാതെ കാല വേഗത്തോളം ഓടുന്ന കിതപ്പില്‍ ഞാനവളുടെ അരികിലേക്ക് കുതിച്ചു ..അവിടെ പുല്‍ത്തകിടികള്‍ ആത്യക്ഷമായിരുന്നു, ചൂളം വിളിയുടെ പാളങ്ങളും ,.പകരം അവള്‍ ചെളിയില്‍ പുതഞ്ഞു കിടക്കുകയായിരുന്നു കൂടെയുള്ള ബാലന്‍ മുഖം മറച്ചു നിശബ്ദമായി തേങ്ങുന്നുണ്ടായിരുന്നു ..അവളുടെ വായിലൂടെ രക്തവും ചെളിയും പ്രവഹിക്കുകയായിരുന്നു. കറുത്ത ഗൌണിന്റെ നിറം പതിയെ ചുവപ്പ് നിറമാകുന്നതും , ആകാശത്ത് അനേകം ചുവന്ന നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുന്നതും ശബ്ദം നഷ്ട്ടപെട്ടവനെ പോലെ ഞാന്‍ നോക്കി നിന്നു ..പ്രാണന്‍ പിടഞ്ഞു പോകുന്ന നേരം അവള്‍ കൈവിരലുകളാല്‍ ആന്ഗ്യം കാണിക്കുന്നതും , എന്ത് പറ്റിയെന്ന എന്റെ ചോദ്യത്തിനു പറയാം പറയാം എന്നൊരു തേങ്ങലില്‍ എന്റെ മടിയിലെക്ക് അവളെ കിടത്തിയും ,പിന്നെയും എന്തെന്ന് ചോദിക്കും നേരം അവളില്‍ നിശബ്ധമായ ഒരു പുഞ്ചിരി അര്‍ത്ഥ ശൂന്യമായി അവശേഷിപ്പിച്ചു കൊണ്ട് അവള്‍ ജീവന്‍ നിലച്ചിരുന്നു,,,
മരണം!!
യാഥാര്ത്യത്തിന്റെ ലോകത്തേക്ക് ഞാന്‍ ഉണര്‍ന്നു! മിത്യയുടെ ലോകത്ത് നിന്നും, എടുത്തെറിയപ്പെട്ടത് പുറത്തു ജനല്‍ ചില്ലയില്‍ പതിക്കുന്ന ഇടി മിന്നല്‍ വെളിച്ചം കണ്ടുകൊണ്ടാണ്.. വര്‍ത്തമാനത്തിന്റെ ഭ്രമാത്മകമായ ആ തിരിച്ചറിവില്‍ (സ്വപ്നം) തണുപ്പ് തുളയുന്ന തുലാവര്‍ഷ രാവിലും ഞാന്‍ ഏറെ വിയര്ത്തിരുന്നു.. അര്ധയാമാങ്ങളുടെ സമയ സൂചിക എന്നിലും കാലത്തിലും നിശ്ചലം നിന്ന്.. ഒരു വ്യാഖ്യാനം തേടുന്ന മനസ്സോടെ ആ രാവ് മുഴുവന്‍ ''സ്വപ്ന യാതാര്ത്യത്തിന്റെ '' അസ്വസ്ഥതയോടെ മുഴുകി കിടന്നു.. പുലരിയുടെ തണുത്ത മയക്കത്തില്‍ ഒരു പുതു ദിനത്തിന്റെ തുടക്കത്തില്‍ , അനുഭവിച്ചറിഞ്ഞ ഒരു സ്വപ്ന മരണത്തിന്റെ പേരറിയാ നോവ് എന്നില്‍ പുതഞ്ഞു കിടന്നിരുന്നു..
ആ കറുത്ത ഗൌണ്‍ അണിഞ്ഞു ,മരണത്തിലേക്ക് വിരുന്ന വന്ന പെണ്‍ കുട്ടിയെ പോലെ...
__________________________________________________________________________
(image courtesy to shalini padma)